100 ടണ്‍ സ്വര്‍ണ്ണം ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി റിസർവ് ബാങ്ക്

single-img
31 May 2024

റിസര്‍വ് ബാങ്ക് ഇംഗ്ലണ്ടില്‍ നിന്ന് ഏകദേശം 100 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് മാറ്റി. 1991ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തോതിൽ സ്വര്‍ണ ശേഖരം ഇന്ത്യ കൈമാറ്റം ചെയ്യുന്നത്.റിസർവ് ബാങ്കിന്റെ സ്വര്‍ണ്ണ ശേഖരത്തിന്റെ പകുതിയിലേറെയും വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിന്റെയും സുരക്ഷിത കസ്റ്റഡിയിലാണ്.

നിലവിൽ ഏകദേശം മൂന്നിലൊന്ന് ഭാഗം സ്വര്‍ണമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നത്. സ്വര്‍ണം സൂക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നല്‍കുന്ന ചെലവ് ലാഭിക്കാന്‍ ഈ നീക്കം ആര്‍ബിഐയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് 822.10 ടണ്‍ സ്വര്‍ണം കൈവശം വച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കൈവശം വച്ചിരുന്ന 794.63 ടണ്ണില്‍ നിന്ന് ഗണ്യമായ വര്‍ധന ശേഖരത്തിലുണ്ടായി.

ലോകത്തെ മിക്ക രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ്ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളിലും അതുപോലുള്ള സ്ഥലങ്ങളിലുമാണ് സൂക്ഷിക്കുന്നത്. 1991-ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ചന്ദ്രശേഖര്‍ സര്‍ക്കാര്‍ ധനസമാഹരണത്തിനായി സ്വര്‍ണം പണയം വെച്ചിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ജപ്പാനിലും 46.91 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ പണയം വെച്ചത്. ഇതിലൂടെ 400 മില്യണ്‍ ഡോളര്‍ രാജ്യത്തിന് ലഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ നാണംകെട്ട സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.