ബോക്സ് ഓഫീസിൽ കുതിച്ച് ‘രണബാലി’; ആഗോള കളക്ഷൻ 75 കോടി കടന്നു

single-img
27 October 2026

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘രണബാലി’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ഒക്ടോബർ 16ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ ആഗോളതലത്തിൽ 75 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട്. ഇതിൽ തെലുങ്ക് പതിപ്പിൽനിന്ന് മാത്രം 54 കോടി രൂപയാണ് ലഭിച്ചത്.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ രണബാലി എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ജയമ്മ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ഇരുവരുടെയും പ്രണയം പശ്ചാത്തലമാക്കിയ ‘എൻന്തയ്യ സാമി’ എന്ന ഗാനവും നേരത്തേ ശ്രദ്ധ നേടിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ ഹോളിവുഡ് താരം അർനോൾഡ് വോസ്‌ലൂവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം അഭിനയിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ദൃശ്യാവിഷ്‌കാരവും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ചരിത്രവും പ്രണയവും ആക്ഷനും കോർത്തിണക്കിയ പാൻ-ഇന്ത്യൻ ചിത്രമായ ‘രണബാലി’യുടെ ബോക്സ് ഓഫീസ് പ്രകടനം വരും ദിവസങ്ങളിലും ശ്രദ്ധേയമാകും.