ശിവശങ്കറിന്റെ അറസ്റ്റ് വിരൽചൂണ്ടുന്നത് മുഖ്യമന്ത്രിക്ക് നേരെ: രമേശ് ചെന്നിത്തല

single-img
15 February 2023

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുകയാണ് ശിവശങ്കറിന്റെ അറസ്റ്റ് എന്ന് ചെന്നിത്തല ആരോപിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണം ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.

ശിവശങ്കർ അറസ്റ്റിലായതോടെ സത്യം പുറത്തുവന്നിരിക്കുകയാണ്. ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ശിവശങ്കറിന്റെ അറസ്റ്റ് വിരൽചൂണ്ടുന്നത് മുഖ്യമന്ത്രിയിലേയ്ക്കാണ്. അതിനാൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതുണ്ട്. ഈ കേസ് ഞങ്ങൾ ഉയർത്തിപ്പിടിച്ചപ്പോൾ ലൈഫ് മിഷനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷിച്ചാൽ വസ്തുതകൾ പുറത്തുവരും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടുകൊണ്ടാണ് സ്വർണക്കള്ളക്കടത്ത് കേസിന്റെയും ലൈഫ് മിഷന്റെയും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇനിയെങ്കിലും ആ കൂട്ടുകെട്ട് അവസാനിപ്പിച്ച് സത്യസന്ധമായ അന്വേഷണം നടത്തിയാൽ കൂടുതൽ പ്രതികൾ പുറത്തുവരുമെന്ന കാര്യത്തിൽ സംശയമില്ല. ‘ – രമേശ് ചെന്നിത്തല പറഞ്ഞു.

ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. കേസിൽ ഇതുവരെ ആറുപേരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതി ചേർത്തിരിക്കുന്നത്. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണു ശിവശങ്കറെ ചോദ്യം ചെയ്തത്. തെളിവുകളും നിർമ്മാണ കരാറുകാരൻ സന്തോഷ് ഈപ്പനുമൊന്നിച്ച് ചോദ്യം ചെയ്‌തതിലെ മൊഴി വൈരുദ്ധ്യവുമാണ് അറസ്‌റ്റിന് കാരണമായത്.