നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ്; കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി

single-img
26 February 2024

നാളെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്നനിലയിൽ കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. നാഗവരയിലുള്ള ഒരു ഹോട്ടലിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ മാറ്റിയത്.

തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ് ഒഴിവാക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് ഹൈക്കമാൻഡ് നീക്കം. തെരഞ്ഞെടുപ്പിനായി എല്ലാ എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. ലതാ മല്ലികാർജുൻ, കെ പുട്ടസ്വാമി ഗൗഡ, ദർശൻ പുട്ടണ്ണയ്യ, ഗാലി ജനാർദ്ദൻ റെഡ്ഡി എന്നീ എംഎൽഎമാർ കോൺഗ്രസിനെ പിന്തുണയ്ക്കും.

സുർപൂരിലെ കോൺഗ്രസ് എംഎൽഎ രാജ വെങ്കട്ടപ്പ നായിക് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഇതിനെ തുടർന്ന് നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം 134 ആയി. 134 പേരുടെ പിന്തുണയ്ക്ക് പുറമേ 4 എംഎൽഎമാരുടെ കൂടി പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ഇത്തവണ 5 സ്ഥാനാർഥികളുണ്ട്. കോൺഗ്രസ് മൂന്ന് സ്ഥാനാർഥികളെയും ബിജെപിയും ജെഡിഎസ്സും ഓരോരോ സ്ഥാനാർഥികളെയും വീതം നിർത്തിയിട്ടുണ്ട്ഇതോടെ നാല് സീറ്റുകളിലേക്ക് അഞ്ച് പേർ തമ്മിൽ മത്സരമുറപ്പായി. 45 ക്വോട്ട വോട്ടുകളാണ് ഓരോ സ്ഥാനാർഥികൾക്കും വിജയിക്കാൻ വേണ്ടത്.