ഇന്ത്യയുടെ സമാധാനം കെടുത്തിയാൽ ഭീകരരെ പാക്കിസ്താനിൽ കയറി ഉന്മൂലനം ചെയ്യും: കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

single-img
6 April 2024

ഇന്ത്യയുടെ സമാധാനം തകർക്കാൻ ഏതെങ്കിലും ഭീകരർ ശ്രമിച്ചാൽ കേന്ദ്രസർക്കാർ തക്കതായ മറുപടി നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരർ പാകിസ്ഥാനിലേക്ക് പലായനം ചെയ്താൽ അവരെ പിന്തുടർന്ന് പാക് മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് അതിനുള്ള കഴിവുണ്ടെന്നും ഈ കാര്യം പാകിസ്ഥാന് അത് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യങ്ങളുടെ മണ്ണിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള തന്ത്രത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാക്കിസ്ഥാനിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന ദ ഗാർഡിയൻ റിപ്പോർട്ട് ഉദ്ധരിച്ച് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

അയല്‍ രാജ്യങ്ങളുമായി എല്ലായ്പ്പോഴും സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ചരിത്രം നോക്കൂ. ഞങ്ങള്‍ ഒരു രാജ്യത്തെയും ആക്രമിക്കാറില്ല. മറ്റേതെങ്കിലും രാജ്യത്തിന്റെ ഒരു ഇഞ്ച് സ്ഥലം പോലും കൈവശപ്പെടുത്തിയിട്ടില്ല. ഇതാണ് ഇന്ത്യയുടെ സ്വഭാവം. നമ്മുടെ മണ്ണില്‍ ഭീകരത പടര്‍ത്തി ആരെങ്കിലും ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ വെറുതെ വിടില്ല”, പ്രതിരോധ മന്ത്രി പറഞ്ഞു.

അതേസമയം പാക് അധീന കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണെന്നും അവര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെടുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ സാധാരണ ജീവിതം തിരിച്ചെത്തിയെന്നും വികസനം വേഗത്തിലായെന്നും അദ്ദേഹം അവകാശപ്പെട്ടു.