ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്‌എഫ്‌ഐ ബാനർ

single-img
16 November 2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്നരീതിയില്‍ എസ്‌എഫ്‌ഐയുടെ പേരില്‍

കാമ്ബസില്‍ സ്ഥാപിച്ച ബാനറിനെതിരെ കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി രാജ്ഭവന്‍. തിരുവനന്തപുരം സംസ്‌കൃത കോളജിലാണ് ഗവര്‍ണറെ അപമാനിക്കുന്ന തരത്തില്‍ ബാനര്‍ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ ബാനര്‍ അഴിച്ചുനീക്കി.

കേരള വാഴ്‌സിറ്റിയോടും കോളജ് പിന്‍സിപ്പിലിനോടുമാണ് രാജ്ഭവന്‍ വിശദീകരണം തേടുക. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബാനറിനെക്കുറിച്ച്‌ പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിക്കാന്‍ വിസി റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം വിവാദമാവുകയും മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് ബാനര്‍ അഴിച്ചുമാറ്റിയത്.

ദിവസങ്ങള്‍ക്കു മുന്‍പാണ് കോളജിന്റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ബാനര്‍ സ്ഥാപിച്ചത്. ‘ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍’ എന്നായിരുന്നു ബാനറിലുണ്ടായിരുന്നത്. ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ വിസിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. തുടര്‍ന്നാണ് വിസി റജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്.