യുഎഇയിൽ മഴക്ക് ശമനം: ജനജീവിതം വേഗത്തിൽ സാധാരണ നിലയിലേക്ക്

യുഎഇയിൽ ഒരാഴ്ചയോളം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശമനമായതോടെ രാജ്യത്തുടനീളം ജനജീവിതം അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങി. കഴിഞ്ഞ വർഷത്തെ പ്രളയാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് നടപ്പാക്കിയ ഫലപ്രദമായ മുൻകരുതലുകളും നവീകരിച്ച ഡ്രൈനേജ് സംവിധാനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സഹായകമായി.
പ്രധാന റോഡുകളിലെ വെള്ളക്കെട്ടുകൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും, മഴയെ തുടർന്ന് തടസ്സപ്പെട്ട വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിക്കുകയും ചെയ്തതോടെ നഗരങ്ങളും ഗ്രാമങ്ങളും പഴയ നിലയിലേക്ക് തിരിച്ചെത്തി. വെള്ളിയാഴ്ചയോടെ മഴ പൂർണമായും മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം രണ്ടാഴ്ചയോളം വെള്ളക്കെട്ട് തുടരേണ്ടിവന്ന ഷാർജയിലെ അൽഖാസിമിയ, അൽവഹ്ദ സ്ട്രീറ്റ്, ദുബായിലെ അൽഖൂസ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തവണ ഒരു ദിവസത്തിനുള്ളിൽ തന്നെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ അധികൃതർക്ക് സാധിച്ചു. അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് നീക്കിയതോടെ വലിയ തടസ്സങ്ങളില്ലാതെ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.


