രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ല;കാലപ കലുഷിതമായ മണിപ്പൂരിലേക്ക് യാത്ര തിരിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി

single-img
29 June 2023

ദില്ലി: കാലപ കലുഷിതമായ മണിപ്പൂരിലേക്ക് യാത്ര തിരിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി. രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയെന്ന് ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളെയോർത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് സന്ദ‌ർശനത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം. കോണ്‍ഗ്രസിന്‍റെ കാലത്ത് സംഘർഷം ഉണ്ടായപ്പോള്‍ രാഹുല്‍ സന്ദർശനം നടത്തിയില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് യാത്ര തിരിച്ചു. കുകി മേഖലയായ ചുരാ ചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുൽ കാണും. ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ചുരാ ചന്ദ്പൂരിന് പുറമെ ഇംഫാലിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും.

അതേസമയം കേന്ദ്രസർക്കാരിനെ രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ഏക സിവിൽ കോഡ് ഉന്നയിച്ച് വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് പറഞ്ഞ എംകെ സ്റ്റാലിൻ പാറ്റ്നയിലെ പ്രതിപക്ഷ യോഗം മോദിയെ പരിഭ്രാന്തിയിലാക്കിയെന്നും പറഞ്ഞു. മണിപ്പൂർ കത്തുമ്പോഴും പ്രധാനമന്ത്രി അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല, രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപി ശ്രമം, ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

രാഹുലിന്റെ മണിപ്പൂർ സന്ദർശനം നല്ലതെന്ന് ശിവസേന (ഉദ്ദവ് താക്കറെ) നിലപാടറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ സന്ദർശിച്ചിട്ട് ഒന്നും നടന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ചൈനയുടെ ഇടപെടൽ ഉള്ളതിനാൽ  മണിപ്പൂരിലെ സ്ഥിതി വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.