രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ്: അമിതേഷ് ശുക്ല

single-img
6 April 2023

മുൻ വയനാട് എംപി രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണെന്ന് ഛത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎ അമിതേഷ് ശുക്ല. 2018 ലെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾക്ക് വിജയിച്ച ശുക്ല, മഹാത്മാഗാന്ധിയും രാഹുൽ ഗാന്ധിയും തമ്മിൽ നിരവധി സമാനതകൾ ഉണ്ട് എന്നും അവകാശപ്പെട്ടു.

രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന് മഹാത്മാഗാന്ധിയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി, മഹാത്മാ ഗാന്ധി അന്ന് ദണ്ഡി മാർച്ച് നടത്തിയിരുന്നു. ഞാൻ ഈ പ്രസ്താവന നടത്തുന്നത് വളരെ ഉത്തരവാദിത്തത്തോടെയാണ്. എന്റേത് ഒരു സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബമാണ്. എന്റെ പിതാവിൽ നിന്നും അമ്മാവനിൽ നിന്നും മഹാത്മാഗാന്ധിയെക്കുറിച്ച് ഞാൻ കേട്ട കാര്യങ്ങളിൽ നിന്നും, മഹാത്മാഗാന്ധിയും രാഹുൽ ഗാന്ധിയും തമ്മിൽ നിരവധി സമാനതകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു- അമിതേഷ് ശുക്ല പറഞ്ഞു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാൻ മഹാത്മാഗാന്ധിക്ക് കഴിയുമായിരുന്നു. അതുപോലെ, 2004 ലും 2008 ലും രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായില്ല. മഹാത്മാഗാന്ധി ദണ്ഡി മാർച്ചിൽ കിലോമീറ്ററുകൾ സഞ്ചരിച്ചതുപോലെ, പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷനും ഭാരത് ജോഡോ യാത്രയിൽ രാജ്യത്തുടനീളം നടന്ന് ജനങ്ങളുമായി സംവദിച്ചു. സത്യത്തിന്റെ ആയുധം ഉപയോഗിച്ച് ‘ബ്രിട്ടീഷ് സാമ്രാജ്യം’ അവസാനിപ്പിച്ച മഹാത്മാഗാന്ധിയെപ്പോലെ, രാഹുൽ ഗാന്ധിയും നിർഭയമായി സത്യം സംസാരിക്കുന്നു എന്നും അമിതേഷ് ശുക്ല കൂട്ടിച്ചേർത്തു.