വസ്തുത മറച്ചുവെച്ച് വാർത്ത നൽകി; ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പി വി അൻവർ

single-img
6 December 2023

മിച്ച ഭൂമി കേസിൽ വസ്തുത മറച്ചുവെച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് പി വി അൻവർ എംഎൽഎ. കേസിൽ താമരശേരി ലാന്‍ഡ് ബോർഡിന്റെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തത് ഏഷ്യാനെറ്റ് മറച്ചുവെച്ചെന്നും തനിക്കെതിരെ പരാതി നൽകിയ പൗരാവകാശ പ്രവർത്തകനെന്ന് വാദിക്കുന്ന കെ വി ഷാജിയെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് നവകേരള സദസ്സിൽ പരാതി കൊടുപ്പിച്ചതായും അദ്ദേഹൻ പറയുന്നു .

പിന്നാലെ മറ്റൊരിടത്ത് മുഖ്യമന്ത്രിയോട് ഇതിനെ കുറിച്ച് ചോദ്യം ചോദിപ്പിച്ചു. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ അദ്ദേഹം തന്നെ സഹായിക്കുന്ന നിലപാടെടുക്കുന്നുവെന്ന രീതിയിൽ വാർത്ത നൽകുന്നുവെന്നും പി വി അൻവർ ആരോപിച്ചു. തന്റെ പിന്നാലെ കേസുമായി നടക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ചെലവ് കൊടുത്ത് കൊണ്ടുനടക്കുന്നതാണ് കെ വി ഷാജിയെ. താമരശേരി ലാന്‍ഡ് ബോർഡ് ആറ് ഏക്കറോളം അധികഭൂമിയുണ്ടെന്നും ഏറ്റെടുക്കണമെന്നും വിധി വന്നിരുന്നു.

200 ലേറെ ഏക്കർ ഭൂമി അധികമുണ്ടെന്നതിൽ നിന്നാണ് ആറിലേയ്ക്ക് എത്തിയത്. വിധി ഏകപക്ഷീയമായിരുന്നു. കക്ഷി എന്ന നിലയ്ക്ക് ഞാനും കുടുംബവും നൽകിയ വിശദീകരണം കണക്കിലെടുക്കാതെയാണ് ലാന്റ് ബോർഡിൽ നിന്ന് വിധി വന്നത്. ഒരു പൗരനെന്ന നിലയിൽ താൻ ഹൈക്കോടതിയെ സമീപിച്ചു. താമരശേരി ലാന്‍ഡ് ബോർഡിന്റെ എല്ലാ പ്രൊസീഡിംഗ്സും ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ലാന്റ് റികവറി പ്രൊസീഡിംഗ്സും സ്റ്റേ ചെയ്തു. എന്റെ ഭാഗത്തുനിന്ന് ഉന്നയിച്ച വാദങ്ങൾകൂടി പരിശോധിച്ച ശേഷം കേസിന്റെ മെറിറ്റിലേക്ക് കടക്കാനാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതെല്ലാം ഏഷ്യാനെറ്റ് മറച്ചുവെച്ചു.

സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മാത്രമല്ല, മുഖ്യമന്ത്രി അടക്കം തന്നെ സഹായിക്കുന്ന നിലപാടാണ് എന്ന രീതിയിലാണ് വാർത്ത വന്നിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുമരകത്ത് സർക്കാർ ഭൂമി കയ്യേറിയതിന് റിസോർട്ട് പൊളിച്ചുകളയാൻ ഏഷ്യാനെറ്റ് ന്യൂസ് സിഎംഡിക്കെതിരെ പഞ്ചായത്ത് നൽകിയ നോട്ടീസ് ഹൈക്കോടതിയിൽ പോയി താത്കാലികമായി സ്റ്റേ ചെയ്ത് ആ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്.

എന്നാൽ, പി വി അൻവർ സർക്കാർ ഭൂമി കയ്യേറിയെന്ന കേസ് എവിടെയുമുണ്ടാകില്ല. താവഴിയായി കിട്ടിയ മുതലിലും അധ്വാനിച്ചുണ്ടാക്കിയ ഭൂമിയിലും അധിക ഭൂമിയുണ്ടെന്നാണ് പറയുന്നത്. ഏഷ്യാനെറ്റിന്റെ സിഎംഡി ചെയ്തത് അതല്ല, സർക്കാർ ഭൂമി കയ്യേറിയതാണെന്നും എംഎൽഎ ആരോപിച്ചു. പോക്സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് റെയ്ഡ് ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിന്റെ പ്രതികാരം തന്നോട് തീർക്കുകയാണെന്നും പി വി അൻവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസിൽ, ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും റെക്കോർഡിംഗിന് ഉപയോഗിച്ച കംപ്യൂട്ടർ ഉപകരണങ്ങളും ഹാജരാക്കൻ പൊലീസ് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാകുന്നില്ല.

ഇതിനെതിരെ പൊലീസ് കോടതിയെ സമീപിച്ചു. അവസാന കുറ്റപത്രം സമർപ്പിക്കാൻ ഈ തെളിവുകൾ പൊലീസിന് ആവശ്യമാണ്. തുടർന്ന് ഡിസംബർ ഏഴിന് കോഴിക്കോട്ടെ ഏഷ്യാനെറ്റ് ന്യൂസും എട്ടിന് കണ്ണൂർ ഓഫീസും റെയ്ഡ് ചെയ്ത് ഉപകരണങ്ങൾ കണ്ടെത്തി പരിശോധിക്കാനും ജില്ലാ പോക്സോ കോടതി ഉത്തരവായിട്ടുണ്ട്. ഷാജഹാൻ കാളിയത്ത്, നൗഫല്‍ ബിൻ യൂസഫ്, സിന്ധു സൂര്യകുമാർ, നീലി ആർ നായർ, വിപിൻ മുരളീധരൻ, വിനീത് ജോസഫ് എന്നിവർക്കെതിരെയാണ് പോക്സോ ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതിൽ ജാമ്യമെടുത്തിരിക്കുകയാണ് ഇവരെന്നും പി വി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.