ഭീമമായ ടോൾ പിരിവിനെതിരെ ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് പാതയിൽ പ്രതിഷേധം


ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് പാതയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോൾ പിരിവ് ആരംഭിച്ചതോടെ എക്‌സ്‌പ്രസ് പാത ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത എക്‌സ്‌പ്രസ് പാതക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
പദ്ധതി പൂർത്തിയാകുന്നതുവരെ എൻഎച്ച്എഐക്ക് ടോൾ ഫീ പിരിക്കാനാകില്ലെന്നാണ് കോൺഗ്രസിനൊപ്പം പ്രതിഷേധക്കാരും വാദിക്കുന്നത്. ഈ ഭാഗത്ത് സർവീസ് റോഡുകൾ നിർമിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. എക്‌സ്പ്രസ് വേയുടെ ടോൾ നിരക്ക് വളരെ ഉയർന്നതാണെന്നും സമരക്കാർ പറയുന്നു.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ നേരത്തെ അപൂർണ്ണമായ ഒരു പദ്ധതിയുടെ ഉദ്ഘാടനം സർക്കാരിനെ വിമർശിക്കുകയും അതിവേഗ പാത ഉദ്ഘാടനം ചെയ്യാൻ ബിജെപി സർക്കാരിനെ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ഷൻ റാലികളിൽ പറയുന്ന ഡബിൾ എൻജിൻ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായാണ് 10-വരി എക്‌സ്പ്രസ് വേയെ ബിജെപി കാണുന്നത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം പദ്ധതിയുടെ ക്രെഡിറ്റിന്റെ പേരിൽ വാക് പോരിലാണ്. 8,479 കോടി രൂപ ചെലവിലാണ് എക്സ്പ്രസ് നിർമിച്ചത്. പദ്ധതി മുഴുവൻ മേഖലയുടെയും വികസനത്തിന് പ്രോത്സാഹനം നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.