ഡോക്ടർമാരുടെ സംരക്ഷണം സർക്കാരിന് കണ്ണിലെ കൃഷ്ണമണി പോലെ: മന്ത്രി മുഹമ്മദ് റിയാസ്

single-img
11 May 2023

ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് ശേഷം കഴിഞ്ഞ രാത്രി തനിക്ക് ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡോക്ടർമാരുടെ സംരക്ഷണം സർക്കാരിന് കണ്ണിലെ കൃഷ്ണമണി പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ: ‘കൊട്ടാരക്കരയിലെ സംഭവത്തെ ഓർത്ത് ഇന്നലെ രാത്രി ഉറക്കം കിട്ടിയിട്ടില്ല. ആ സംഭവം ഓർത്ത് വല്ലാതെ പ്രയാസപ്പെടുകയാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് എല്ലാ പ്രയാസവും അനുഭവിക്കുന്നവരാണ് ഡോക്ടർമാർ. സ്വന്തം ജീവൻ പോയാലും നാടിനെ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരാണ് അവർ.

നേരത്തെ നിപ കാലത്തും കോവിഡ് കാലത്തും അത് കണ്ടതാണ്. അങ്ങനെയുള്ള ഡോക്ടർമാരെ സംരക്ഷിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് കണ്ണിലെ കൃഷ്ണമണി സംരക്ഷിക്കുന്നതിന് തുല്യമാണ്’ – മുഹമ്മദ് റിയാസ് പറഞ്ഞു.

ലഹരിയുടെ അടിമയായാൽ സ്വന്തം അമ്മയേയും അച്ഛനേയും സഹജീവിയേയും തിരിച്ചറിയാൻ പറ്റാത്ത മാറ്റങ്ങൾ അവരിൽ സംഭവിക്കും. ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. എന്നാൽ, അവിടെയും ചില തെറ്റായ പ്രചാരണങ്ങൾ നടന്നു. മന്ത്രി വീണാ ജോർജ് ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങൾ കുബുദ്ധിയുടെ ഭാഗമായി വക്രീകരിച്ചു. മന്ത്രി അപ്പോൾ തന്നെ അത് സംബന്ധിച്ച് വിശദീകരിച്ചു.മന്ത്രിമാർ ഇത്തരം വിഷയങ്ങളിൽ പ്രതികരണം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും റിയാസ് കൂട്ടിച്ചേർത്തു.