മക്കയിലും മദീനയിലും ഉൾപ്പെടെ എവിടെയും വിദേശികൾക്ക് സ്വത്ത് വാങ്ങാം; നിയമവുമായി സൗദി

single-img
30 March 2023

ഇനിമുതൽ സൗദി അറേബ്യയിൽ സ്വത്തുവകകൾ വാങ്ങാനും കൈവശം വെക്കാനും വിൽപന നടത്താനും വിദേശികളെ അനുവദിക്കുന്ന നിയമം അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് പറഞ്ഞു.

നിലവിൽ വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പരസ്യമാക്കുമെന്നും ‘റൊട്ടാന ഖലീജിയ’ ടെലിവിഷനിലെ അൽ-ലിവാൻ പരിപാടിയിൽ പങ്കെടുക്കവേ അൽഹമ്മദ് വ്യക്തമാക്കി.

ഇപ്പോഴുള്ള റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾക്കനുസൃതമായി വാണിജ്യ, പാർപ്പിട, കാർഷിക രംഗത്തെ എല്ലാത്തരം സ്വത്തുവകകളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതി നൽകുമെന്ന് അതോറിറ്റി മേധാവി പറഞ്ഞു. മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെവിടെയും വിദേശികൾക്ക് സ്വത്ത് കൈവശം വയ്ക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.