പ്രിയസഖാവിന്‍റെ ഭൗതിക ശരീരം ജന്മനാട് ഏറ്റുവാങ്ങി; തലശ്ശേരി ടൗണ്‍ഹാളിലേക്കുള്ള വിലാപയാത്ര തുടങ്ങി

single-img
2 October 2022

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയസഖാവിന്‍റെ ഭൗതിക ശരീരം ജന്മനാട് ഏറ്റുവാങ്ങി. 12.55ഓടെ മൃതദേഹം എയര്‍ ആംബുലന്‍സിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്

സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് തലശ്ശേരി ടൗണ്‍ഹാളിലേക്കുള്ള വിലാപയാത്ര തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, മന്ത്രിമാരായ വി.എന്‍. വാസവന്‍, എ.കെ. ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരടക്കം വിമാനത്താവളത്തിലെത്തിയിരുന്നു.

കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ക്ക് മുന്നേ വിമാനത്താവള പരിസരത്തും മട്ടന്നൂര്‍ നഗരത്തിലും വന്‍ ജനത്തിരക്കാണ്. പൊലീനിന് പുറമെ വിമാനത്താവളത്തില്‍ നൂറോളം റെണ്ട് വളന്‍റിയര്‍മാരും സുരക്ഷക്കായെത്തിയിട്ടുണ്ട്. മട്ടന്നൂര്‍ മുതല്‍ തലശ്ശേരി വരെ 14 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നൂറോളം വാഹനങ്ങള്‍ വിലാപയാത്രക്കൊപ്പം അനുഗമിക്കുന്നുണ്ട്. എല്ലായിടത്തും ജനബാഹുല്യമാണ്. മട്ടന്നൂര്‍ മുതല്‍ തലശ്ശേരി വരെ തുറന്ന വാഹനത്തില്‍ നേതാക്കളുടെയും റെണ്ട് വളന്‍റിയര്‍മാരുടെയും പ്രവര്‍ത്തകരുടെയും വിലാപയാത്രയായണ് മൃതദേഹം കൊണ്ടുപോകുന്നത്.

മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്ബ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്ബി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക.

തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ല കമ്മിറ്റി ഓഫിസിലും പൊതു ദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്ബലത്ത് സംസ്കാരം. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണുരിലേക്കൊഴുകുകയാണ്. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സി.പി.എം ആഹ്വാനം ചെയ്തിട്ടുണ്ട്.