ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധി

single-img
5 October 2022

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രചാരണം ഈ മാസം 10ന് ആരംഭിക്കും. ദേശീയ തലത്തിൽ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന സോളനിലെ റാലിയോടെയാണ് പ്രചാരണം ആരംഭിക്കുന്നത്.

രാഹുല്‍ ഗാന്ധി ഇപ്പോൾ ഭാരത് ജോഡോ യാത്ര നയിക്കുന്നതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലായിരിക്കും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക. ഹിമാചൽ കോൺഗ്രസിലെ അതികായനായിരുന്ന വീര്‍ഭദ്ര സിങ് ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ഇത്തവണ മികച്ച വിജയം നേടി അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

ഓരോ അഞ്ച് വർഷവും കഴിയുമ്പോള്‍ ഭരണം മാറി വരുന്ന സംസ്ഥാനത്തിന്റെ ശൈലി ഇക്കുറിയും ആവര്‍ത്തിക്കുമെന്നും കോൺഗ്രസ് കരുതുന്നു. ഇപ്പോൾ വീര്‍ഭദ്ര സിങിന്റെ ഭാര്യയും എംപിയുമായ പ്രതിഭ സിങാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ.