തെലങ്കാനയിൽ വൻ രാഷ്ട്രീയ നീക്കം; വൈ എസ് ശര്‍മിളയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പ്രിയങ്ക ഗാന്ധി

single-img
22 May 2023

ഒരുകാലത്തെ പാർട്ടിയുടെ ശക്തികേന്ദ്രമായ ആന്ധ്രാപ്രദേശില്‍ വന്‍ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. വൈ എസ്ആ ര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിളയെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ദേശീയ നേതൃത്വത്തിലെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. കോൺഗ്രസ് നേതൃപ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശില്‍ സംസ്ഥാന നേതൃസ്ഥാനം ശര്‍മിളയ്ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ തെലങ്കാന കേന്ദ്രീകരിച്ചാണ് ശര്‍മിള പ്രവര്‍ത്തിക്കുന്നത്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശര്‍മിള പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ശര്‍മിളയുമായി ബന്ധപ്പെട്ടത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ.എസ്. ശര്‍മിള.

ശര്‍മിളയെ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിലൂടെ വൈ.എസ്.ആര്‍.തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മറ്റുപല നിര്‍ദേശങ്ങളും വെച്ചിട്ടുണ്ടെന്നും വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി നേതാക്കള്‍ പറയുന്നു.