പോപുലര്‍ ഫ്രണ്ട് ഹർത്താൽ; അക്രമം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും

single-img
22 September 2022

നാളെ സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷ ഒരുക്കാൻ കേരളാ പൊലീസ്. നാളത്തെ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

ഹർത്താലിന്റെ പേരിൽ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമം ലംഘിക്കുന്നവർ, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരം/ പ്രതിഷേധം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തുകയും ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ഓരോ ജില്ലകളിലും ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്.