പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍

single-img
4 October 2022

കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം ജില്ലയിൽ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഇവിടെ സിവില്‍ പോലീസ് ഓഫീസറാണ് സിയാദ്. ഹർത്താൽ ദിനത്തിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ തുടർന്നും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

സമാനമായി കഴിഞ്ഞ ഫെബ്രുവരിയില്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ അനസ് പി കെ എന്ന സിവില്‍ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. അതേപോലെ തന്നെ മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.