പ്രധാനമന്ത്രി ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തു; കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു

single-img
22 April 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മുൻ എംപി ടി.എൻ. പ്രതാപനാണ് പ്രധാനമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് റിട്ട് ഹർജി സമർപ്പിച്ചത്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഔദ്യോഗിക പദവി ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജയറാം രമേശും കുറ്റപ്പെടുത്തി. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിലുപരി വാർത്താസമ്മേളനം നടത്താനാണ് മോദി തയ്യാറാകേണ്ടിയിരുന്നതെന്ന് ജയറാം രമേശ് പരിഹസിച്ചു.

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ താൽപ്പര്യം മുൻനിർത്തിയുള്ളതാണെന്നും, ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും അദ്ദേഹം പരിഹസിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.