കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; മുൻകൂട്ടി നിശ്ചയിച്ച കോൺഫറൻസിൽ മാത്രമാണ് പങ്കെടുത്തത്: മന്ത്രി എൻ. ഷംസുദ്ദീൻ

single-img
24 July 2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി താൻ പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും, എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്കായി മുൻകൂട്ടി നിശ്ചയിച്ച കോൺഫറൻസിൽ മാത്രമാണ് പങ്കെടുത്തതെന്നും കേരള പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.

നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രക്ഷോഭം തുടരുന്നതിനിടെ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിൽ ഉയർന്ന വിമർശനങ്ങൾ കണക്കിലെടുത്താണ് മന്ത്രിയുടെ വിശദീകരണം.

സംസ്ഥാനത്തിന് അവകാശപ്പെട്ട തുക ലഭ്യമാക്കാനും വിദ്യാഭ്യാസ പദ്ധതികളുടെ നിർവ്വഹണത്തിനുമാണ് യോഗത്തിൽ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു.സമഗ്ര ശിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുള്ള 1500 കോടി രൂപയുടെ കുടിശ്ശിക അടിയന്തരമായി തീർപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.പി.എം ശ്രീ പദ്ധതിയും സമഗ്ര ശിക്ഷാ ഫണ്ടും വെവ്വേറെ കാര്യങ്ങളാണെന്നും, ഇവ തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നും കേന്ദ്രത്തെ അറിയിച്ചു.

സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാതഭക്ഷണവും, എട്ടാം ക്ലാസിന് പകരം 12-ാം ക്ലാസ് വരെ ഭക്ഷണവും ഉറപ്പാക്കുന്ന പുതിയ പി.എം പോഷൺ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ സന്നദ്ധത യോഗത്തിൽ വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.