പിഎം കെയേഴ്‌സ് ഫണ്ട് ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റാണ്, അത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിലല്ല: കേന്ദ്ര സർക്കാർ

single-img
31 January 2023

പിഎം കെയേഴ്‌സ് ഫണ്ട് ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രൂപീകരിക്കപ്പെട്ടതാണെന്നും അത് ഭരണഘടനാ പ്രകാരമോ പാർലമെന്റോ സംസ്ഥാനമോ ഉണ്ടാക്കിയ ഏതെങ്കിലും നിയമപ്രകാരം ഉണ്ടാക്കിയതല്ല എന്ന് കേന്ദ്ര സർക്കാർ. പി.എം കെയേഴ്‌സ് ഫണ്ട് സർക്കാരിന്റെ അധീനതയിൽ ആണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

പാവങ്ങളെ സഹായിക്കാനുള്ള ആശ്വാസനിധിയെന്ന പേരിൽ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. ഈ ട്രസ്റ്റ് വിവരാവകാശ നിയമത്തിന് കീഴിലുള്ള ഒരു പൊതു അതോറിറ്റിയല്ലെന്നും, വ്യക്തികളും സ്ഥാപനങ്ങളും സ്വമേധയാ നൽകുന്ന സംഭാവനകൾ സ്വീകരിക്കുന്നുവെന്നും സർക്കാരിന്റെ ബജറ്റ് സ്രോതസ്സുകളിൽ നിന്ന് ഒഴുകുന്ന സംഭാവനകൾ സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു. അതിനാൽ തന്നെ പിഎം കെയേഴ്‌സ് ഫണ്ട് വിവരാവകാശ പരിധിയിൽ വരില്ല എന്നും സർക്കാർ പറഞ്ഞു.

എന്നാൽ ഈ വാദങ്ങളെ ഹര്ജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഖണ്ഡിച്ചു. ഉപരാഷ്ട്രപതിയെപ്പോലുള്ള സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകാൻ രാജ്യസഭാംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു, മാത്രമല്ല PMCARES “ഇന്ത്യയുടെ ഗവൺമെന്റായി സ്വയം പ്രൊജക്റ്റ് ചെയ്യുന്നു കൂടാതെ അത് ഇന്ത്യൻ സർക്കാരിന്റെ .gov.in എന്ന ഡൊമെയ്ൻ നാമത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെയും അശോക സ്തംഭത്തിന്റെയും ഫോട്ടോയുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രിയും കേന്ദ്ര ധനമന്ത്രിയും, ടാറ്റ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ, സുപ്രീം കോടതി മുൻ ജഡ്ജി കെ ടി തോമസ്, മുൻ ഡെപ്യൂട്ടി സ്പീക്കർ കറിയ മുണ്ട ഉൾപ്പടെ ഉള്ളവർ ആണ് പിഎം കെയേഴ്‌സ് ട്രസ്റ്റി ബോർഡിൽ ഉള്ളത്.