കുളവാഴയും പായലും രക്ഷാ കവചം; കുളത്തിലെറിഞ്ഞ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു


കുളത്തിലെറിഞ്ഞ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഖാത്തുവ ഗ്രാമത്തിലാണ് സംഭവം.
കുളവാഴയും പായലുമാണ് കുഞ്ഞിന്റെ ജീവന് രക്ഷാ കവചമായി മാറിയത്.
വ്യാഴാഴ്ച കൃഷി സ്ഥലത്തേക്കു പോവുകയായിരുന്ന ഗ്രാമത്തലവന്‍ വകീല്‍ അഹമ്മദ് വഴിയരികിലെ കുളത്തില്‍ കഴുത്തോളം മുങ്ങി ഒരു കുഞ്ഞ് കിടക്കുന്നതായി കണ്ടു. പൊലീസിനെ അറിയിച്ച് കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. പരിശോധനയില്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ല.
ആരോ വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞ് കുളവാഴ, പായല്‍ എന്നിവയില്‍ ഉടക്കിയതിനാല്‍ മുങ്ങിപ്പോയില്ല. കരയില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലെയാണ് കുഞ്ഞ് കിടന്നത്.
ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ച കുഞ്ഞ് ആരോഗ്യവതിയാണ്. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നല്‍കി. കുഞ്ഞിനെത്തേടി ആരും ഇതുവരെ എത്തിയിട്ടില്ല.