എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ല; പൊലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് വിഡി സതീശൻ

single-img
15 December 2023

നവ കേരള സദസ്സിനായി സംസ്ഥാന വ്യാപക പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി വീശിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. മുദ്രാവാക്യം വിളിച്ച രണ്ട് കെ.എസ്.യു നേതാക്കളെ ലോക്കല്‍ പൊലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയത്. പൊലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരും. ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം.

കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കും. എല്ലാ കാലത്തും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്നും അംഗരക്ഷകരായ പൊലീസ് ക്രിമിനലുകൾ ഓർക്കണം- വിഡി സതീശൻ പറഞ്ഞു.