മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സർക്കാർ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്: കെ സുധാകരൻ

single-img
22 December 2023

വാർത്ത റിപ്പോർട്ട് കാരണത്താൽ ട്വന്റിഫോർ വാർത്താ ചാനലിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്നതാണെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. നിർഭയവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവർത്തകയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ഒരു മാധ്യമ പ്രവർത്തക അവരുടെ ജോലി ചെയ്തു എന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നതെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്ര സർക്കാരിൽ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരും മനക്കോട്ട കെട്ടുന്നത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സർക്കാർ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്.

പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇടതുസർക്കാർ നടപടി. മാധ്യമപ്രവർത്തകക്കെതിരെ എടുത്ത പൊലീസ് നടപടിയെ ശക്തമായി കെപിസിസി അപലപിക്കുന്നെന്നും കേസ് പിൻവലിച്ച് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു .