ആർ.എസ്.എസ് റൂട്ട് മാർച്ചിന് ഒടുവിൽ തമിഴ്നാട് പൊലീസ് അനുമതി നൽകി

single-img
3 November 2022

ആർ എസ് എസ്സിന് റൂട്ട് മാർച്ച് നടത്താൻ തമിഴ്നാട് പൊലീസ് അനുമതി നൽകി. ഗാന്ധി ജയന്തി ദിനത്തില്‍ ആർ.എസ്.എസ് നടത്താനിരുന്ന റൂട്ട് മാർച്ചിനാണ്‌ ഇപ്പോൾ അനുമതി നൽകിയത്. നവംബർ ആറിന് മൂന്നിടത്ത് മാർച്ച് നടത്താൻ ആണ് ആർ.എസ്.എസിന് തമിഴ്‌നാട് പൊലീസ് അനുമതി നൽകിയത്. കല്ലാകുറിച്ചി, പേരാമ്പലൂർ, കടലൂർ ജില്ലകളിലാണ് മാർച്ചിന് അനുമതി.

നേരത്തെ, ഗാന്ധി ജയന്തി ദിനത്തില്‍ ആർ.എസ്.എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈകോടതി ശരിവെച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്നുള്ള അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് ഉണ്ടായിരുന്നത്. എന്നാൽ അതിന് പകരമായി നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഇപ്പോൾ അനുമതി നൽകിയത്.

50 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്താനായിരുന്നു ആർ എസ് എസ്സിന്റെ തീരുമാനം. എന്നാൽ കോയമ്പത്തൂർ കാർ സ്‌ഫോടനവും, കനത്ത മഴയും കണക്കിലെടുത്ത് 24 സ്ഥലങ്ങളിലെ പൊലീസ് കമ്മീഷണർമാരും സൂപ്രണ്ടുമാരും മാർച്ച് നടത്താൻ സാഹചര്യം അനുകൂലമല്ലെന്ന് അറിയിച്ചു. തുടർന്ന് നവംബർ ആറിന് തമിഴ്‌നാട്ടിലെ 50 സ്ഥലങ്ങളിൽ മാർച്ചും പൊതുയോഗവും നടത്താൻ അനുമതി നൽകിയുള്ള മുൻ കോടതി ഉത്തരവിനെ അവഹേളിക്കുന്നതാണ് പൊലീസിന്റെ ഈ തീരുമാനമെന്ന് ആർ.എസ്.എസ് അഭിഭാഷകൻ വാദിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ പരിപാടികൾ നടത്തിയതിന് ദലിത് പാന്തേഴ്സിന് സംസ്ഥാന പൊലീസ് നേരത്തെ അനുമതി നൽകിയിരുന്നതായും കൂട്ടിചേർത്തു.