പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടി; അറസ്റ്റ് ചെയ്ത 18 പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

single-img
22 September 2022

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡില്‍ കസ്റ്റഡിയിലായ 18 പ്രതികളെ ഡൽഹി പട്യാല ഹൗസ് കോടതി നാല് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. വിവിധ സംസ്ഥാനങ്ങളിലായി എൻഐഎ, ഇഡി, സംസ്ഥാന പൊലീസ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ ഒന്നിലധികം റെയ്ഡുകളിൽ ഇതുവരെ 106 ലധികം പിഎഫ്ഐ പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 45 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. ബാക്കി ഉള്ളവരുടെ അറസ്റ്റ നടപടികൾ തുടർന്ന് വരുകയാണ് എന്നാണു ലഭിക്കുന്ന വിവരം.

അറസ്റ്റ് രേഖപ്പെടുത്തിയവരിൽ 19 പേര് കേരളത്തിൽ നിന്നുമുള്ളവരാണ്. ഇതിൽ ഒഎംഎ സലാം, അബ്ദുറഹ്മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്ദുൽ വാഹിദ്, ജസീർ, ഷഫീർ, അബൂബക്കർ, മുഹമ്മദ് ബഷീർ, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, അസിഫ് മിർസ, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ ഡൽഹിയിലേക്ക് കൊണ്ടുപോകും.

അതേസമയം 10 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ സംസ്ഥാനത്തുടനീളം വർഗീയ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് സ്ഥാപന വിരുദ്ധ പ്രചരണം നടത്തുകയും അന്തരീക്ഷം തകർക്കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്തതിന് അറസ്റ്റിൽ ആയി എന്ന് ആസാം പോലീസും, നന്ദേഡിൽ നിന്നുള്ള അഞ്ച് പേർ ഉൾപ്പെടെ 20 പിഎഫ്ഐ പ്രവർത്തകരെ മഹാരാഷ്ട്രയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് മഹാരാഷ്ട്ര എടിഎസ് എസ്പി സന്ദീപ് ഖാഡെയും സ്ഥിതീകരിച്ചു.

ഇന്നലെ അർദ്ധ രാത്രി മുതൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി എൻഐഎ റെയ്ഡ് നടത്തുകയായിരുന്നു. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് അന്വേഷണ ഏജൻസി പരിശോധന നടത്തിയത്. പിന്നാലെ നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡൽഹിയിലും കേരളത്തിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.