പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക്; റോബിൻ ബസ് നാളെ നിരത്തിലിറങ്ങും

single-img
17 November 2023

സംസ്ഥാന ഗതാഗത വകുപ്പ് അധികൃതരുമായുള്ള നിയമ പോരാട്ടത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് നാളെ നിരത്തിലിറങ്ങും. നാളെ പുലർച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുന്ന ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്നും ഉടമ പറയുന്നു.

സർവീസിന്റെ നിയമ ലംഘനം ചൂണ്ടിക്കാട്ടി നേരത്തെ രണ്ടുതവണ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. സമയം ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ല എന്ന നിലപാടിൽ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഇപ്പോഴുമുള്ളത്. ഒക്ടോബര്‍ 16-ാം തിയതിയാണ് ആദ്യമായി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

അവിടെ നിന്നും തുടങ്ങിയ ദീർഘമായ നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് ഇപ്പോൾ കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. റോബിൻ ബസ് കോയമ്പത്തൂർ സർവ്വീസിനായുള്ള സീറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും.

റൂട്ട് : പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

അതേസമയം ടൂറിസ്റ്റ് പെർമിറ്റ് ലഭിച്ചിട്ടുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. മുൻപ് ഓടിയ പോലെ തന്നെ ബസ് സര്‍വീസ് തുടരുമെന്ന് ഉടമയും നിയമലംഘനം തുടര്‍ന്നാല്‍ പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും വ്യക്തമാക്കിയതോടെ വീണ്ടും റോഡില്‍ തുറന്ന പോരിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.