പബ്‌ജി പ്രണയം ഇനി സിനിമയിലേക്കും; പാകിസ്ഥാൻ സ്വദേശിനി സീമയ്ക്ക് ബോളിവുഡിലേക്ക് അവസരം

single-img
1 August 2023

പബ്‌ജി കളിയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി തന്റെ കുട്ടികളുമായി പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദർ എന്ന യുവതിയെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ മാസത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

കാമുകനായ യുപി സ്വദേശി സച്ചിൻ മീണയെ തേടി കഴിഞ്ഞ മാസമാണ് സീമ നേപ്പാൾ വഴി ഇന്ത്യയിലെത്തിയത്. അതിനു ശേഷം സീമയെ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾ പോലും ചോദ്യം ചെയ്തു. എന്നാൽ ഇപ്പോൾ സീമയുടെ പേര് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. സീമ ഹൈദറിന് ബോളിവുഡ് ചിത്രത്തിലേക്ക് അവസരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബോളിവുഡിലെ ഒരു പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് സീമ ഹൈദറിന് തന്റെ സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുബൈയിൽ നിന്നും തന്റെ പ്രൊഡക്ഷൻ ഹൗസ് നടത്തുന്ന മീററ്റിലെ അമിത് ജാനി ആണ് സീമയ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സീമ ഹൈദറിന്റെയും സച്ചിന്റെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് താൻ ഓഫർ ചെയ്തതെന്ന് അമിത് ജാനി വീഡിയോയിൽ പറയുന്നു. അതേസമയം, തങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നതിനാൽ ജോലിയൊന്നും ലഭിക്കുന്നില്ലെന്നും സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും സീമയും സച്ചിനും മാധ്യമങ്ങളോട് പറഞ്ഞു.