തെലങ്കാനയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുനുഗോഡിൽ പാർട്ടികൾ ചെലവഴിച്ചത് 600 കോടി രൂപ

single-img
12 November 2022

തെലങ്കാനയിലെ മുനുഗോഡെ ഉപതെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് 600ലേറെ കോടി രൂപയെന്ന് ഫോറം ഫോർ ഗുഡ് ഗവേണൻസിയുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫോറം ഫോർ ഗുഡ് ഗവേണൻസ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.

75% വോട്ടർമാർക്കും ഒരു വോട്ടിന് 9,000 എന്ന നിരക്കിൽ പണം നൽകിയതായി കണക്കാക്കിയാൽ, തുക 152 കോടി വരും,” എഫ്ജിജി സെക്രട്ടറി എം പത്മനാഭ റെഡ്ഡി ആരോപിച്ചു. “ഉപയോഗിക്കുന്ന മദ്യത്തിന്റെ വില 300 കോടി വരും. ഒരു റാലിക്കോ ഒരു മീറ്റിംഗിനോ 2.5 കോടി എന്ന നിരക്കിൽ 50 റാലികൾക്കുള്ള ചെലവ് 125 കോടി വരും എന്നും എഫ്ജിജി സെക്രട്ടറി എം പത്മനാഭ റെഡ്ഡി പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുൻപുതന്നെ സർപഞ്ചുമാരെയും മറ്റു ഭാരവാഹികളെയും ‘വാങ്ങാൻ’ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയെന്ന് റെഡ്ഡി ആരോപിച്ചു. കൂറ് മാറ്റുന്നതിന് ഒരു പ്രൈസ് ടാഗ് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം മൂന്നിനായിരുന്നു മുനുഗോഡെ ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എയായിരുന്ന കെ. രാജഗോപാൽ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)ക്കും ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ അഭിമാനപോരാട്ടമായിരുന്നു. ടി.ആർ.എസിന് സർക്കാരിന്റെ കരുത്തറിയിക്കാനും ജനഹിതം പരിശോധിക്കാനുമുള്ള അവസരമായിരുന്നു ഇത്. ഒരുപക്ഷെ, ഫലം അനുകൂലമാണെങ്കിൽ കാലാവധി പൂർത്തിയാക്കും മുൻപെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു