കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പരസ്യ സംവാദം വേണം എന്ന് തരൂർ; വേണ്ട എന്ന് ഖാർഗെ

single-img
2 October 2022

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയുമായി തെരഞ്ഞെടുപ്പിന് മുൻപ് പരസ്യ സംവാദത്തിനു തയ്യാറാണ് എന്ന് ശശി തരൂർ എം പി. അടുത്തിടെ നടന്ന ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിന് സമാനമായി സംവാദം വേണം എന്നാണു ശശി തരൂരിന്റെ നിലപാട്. ഇത് പൊതുജനങ്ങൾക്കും പാർട്ടിക്കാർക്കും താൽപ്പര്യം ഉണർത്തും എന്നും തരൂർ പറഞ്ഞു.

തരൂരിന്റെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഇരുവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും ഇത്തരമൊരു ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നും ഖാർഗെ പ്രതികരിച്ചു. എനിക്ക് അതിലേക്ക് കടക്കാൻ താൽപ്പര്യമില്ല, എനിക്ക് എങ്ങനെ പ്രവർത്തിക്കണമെന്ന് മാത്രമേ അറിയൂ, അത് ചെയ്യാൻ എനിക്ക് അവസരം തരൂ- ഖാർഗെ പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച്. ദീപേന്ദർ ഹൂഡ, സൽമാൻ ഖുർഷിദ്, അശോക് ഗെലോട്ട്, ദിഗ്‌വിജയ സിംഗ്, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ തുടങ്ങി 30 ഓളം മുതിർന്ന കോൺഗ്രസ് നേതാക്കൾ ഖാർഗെയെ പിന്തുണക്കുന്നുണ്ട്. എന്നാൽ യുവനേതാക്കളാണ് ശശി തരൂരിന്റെ ശക്തി.