രാജ്യസ്നേഹവും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് സവർക്കർ ആകാൻ കഴിയൂ: ഏക്‌നാഥ്‌ ഷിൻഡെ

single-img
27 March 2023

സവർക്കർക്കെതിരായ പ്രസ്താവനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സവർക്കറെപ്പോലെയാകാൻ രാഹുലിന് കഴിവില്ല. ത്യാഗവും രാജ്യസ്നേഹവും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് സവർക്കർ ആകാൻ കഴിയൂ. രാഹുൽ നിരന്തരം സവർക്കറെ അപമാനിക്കുകയാണെന്നും സവർക്കറുടെ വീരേതിഹാസം പ്രചരിപ്പിക്കാൻ മഹാരാഷ്ട്രയിൽ ‘സവർക്കർ ഗൗരവ് യാത്ര’ നടത്തും- ഷിൻഡെ പറഞ്ഞു.

വീർ സവർക്കറുടെയും വിപ്ലവകാരികളുടെയും പോരാട്ടം നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നു. ആൻഡമാനിലെ തടവറയിൽ കഴിഞ്ഞാൽ സവർക്കർ എന്താണെന്ന് രാഹുലിന് മനസിലാകും. സവർക്കറെ അവഹേളിച്ചതിൽ ജനങ്ങൾക്കിടയിൽ രോഷമുണ്ട്. സവർക്കറുടെ വീരേതിഹാസം ജനങ്ങളിൽ എത്തിക്കാൻ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തഹസീലിലും ഗ്രാമത്തിലും സവർക്കർ ഗൗരവ് യാത്ര നടത്തുമെന്നും ഷിൻഡെ പ്രഖ്യാപിച്ചു.

സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ദൈവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുത്വത്തെക്കുറിച്ച് തുടർച്ചയായി സംസാരിക്കുന്ന ആളുകൾ മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് താക്കറെ വിഭാഗത്തെ വിമർശിച്ചു കൊണ്ട് ഷിൻഡെ കുറ്റപ്പെടുത്തി.