ഹനുമാന്‍ ജയന്തി ആഘോഷങ്ങളില്‍ അക്രമങ്ങൾ പാടില്ല; മുന്നറിയിപ്പ് നല്‍കി മമത ബാനര്‍ജി

single-img
3 April 2023

ഈ മാസം 6 ന് നടക്കാനിരിക്കുന്ന ഹനുമാന്‍ ജയന്തി ആഘോഷങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം രാമനവമി ദിനത്തില്‍ ബംഗാളില്‍ നിരവധി അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ കിഴക്കന്‍ മിഡ്നാപൂരിലെ ഖെജൂരിയില്‍ നടന്ന ഒരു യോഗത്തിലാണ് മമത ബാനര്‍ജി ഇക്കാര്യം പറഞ്ഞത്. രാമനവമി ദിനത്തില്‍ രാജ്യമാകെ നടന്ന സംഭവങ്ങള്‍ കണക്കിലെടുത്ത്, ഹനുമാന്‍ ജയന്തി ദിനത്തിലും അക്രമങ്ങള്‍ക്ക് പദ്ധതിയിട്ടേക്കുമെന്ന് ആശങ്കയുണ്ട്.

‘ഏപില്‍ 6 ന് ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണം, ഞങ്ങള്‍ ബജ്റംഗ്ബലിയെ ബഹുമാനിക്കുന്നു. എന്നാൽ അവര്‍ക്ക് കലാപത്തിന് പദ്ധതിയുണ്ടാകാം’ ഒരു ഗ്രൂപ്പിനെയും പേരെടുത്ത് പറയാതെ മമത പറഞ്ഞു. ഇതോടൊപ്പം ഹൂഗ്ലിയിലെ റിഷ്റയില്‍ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളെയും മമത പരാമര്‍ശിക്കുകയും ചെയ്തു. അവര്‍ അനുവാദമില്ലാതെ റാലികള്‍ നടത്തുകയാണ്. മനഃപൂര്‍വം ന്യൂനപക്ഷ മേഖലകളിലേക്ക് പ്രവേശിക്കുകയാണെന്നും മമത പറഞ്ഞു.

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായത്തിന് വേണ്ടി താന്‍ ധാരാളം പദ്ധതികള്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചിലര്‍ ബിജെപിയില്‍ നിന്ന് പണം വാങ്ങി അവ നശിപ്പിക്കുകയാണെന്നും മമത പറഞ്ഞു.’മിഡ്നാപൂര്‍ ഒരിക്കലും ഒരു കലാപകാരികള്‍ക്കും ജന്മം നല്‍കിയിട്ടില്ല. മാതംഗിനി ഹസ്രയുടെ ജന്മസ്ഥലമാണിത്. എന്റെ ഹിന്ദു സഹോദരീസഹോദരന്മാരെ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റമദാന്‍ മാസത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകരുത്. എന്റെ ഹിന്ദു സഹോദരങ്ങള്‍ എല്ലാ ഗ്രാമങ്ങളിലും അവരെ സംരക്ഷിക്കുകയും ചെയ്യണം. അവര്‍ ന്യൂനപക്ഷമാണ്. അവര്‍ക്ക് നീതി ലഭിക്കണം’ മമത പറഞ്ഞു.