‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം സമൂഹത്തിൽ അപകടകരമായ ധാരണകൾ സൃഷ്ടിക്കുന്ന ആഖ്യാനം: എംഎ ബേബി

single-img
19 February 2026

‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം സമൂഹത്തിൽ അപകടകരമായ ധാരണകൾ സൃഷ്ടിക്കുന്ന ആഖ്യാനമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. മതത്തിന്റെ പേരിൽ മധ്യപ്രദേശിൽ സ്കൂൾ ദിനാഘോഷങ്ങൾ വേർതിരിച്ച് നടത്തിയ സംഭവം അത്യന്തം ദുഃഖകരമാണെന്നും, മതാടിസ്ഥാനത്തിലുള്ള വിവേചനം സമൂഹ ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിത്രത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുപോലുള്ള രംഗങ്ങൾ ഉൾപ്പെടുത്തുന്നത് കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ അമർത്യ സെനും റൊമില ഥാപ്പറും പ്രശംസിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച ബേബി, ഇതിന് വിരുദ്ധമായ നിലപാടുകൾക്ക് എന്താണ് അടിസ്ഥാനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ചോദിച്ചു.

കേരളം മതനിരപേക്ഷത ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്നും അതിനെ ‘പ്രശ്നബാധിത പ്രദേശം’ എന്ന രീതിയിൽ ചിത്രീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യബോധമുള്ള പ്രചാരണമാണെന്നും അദ്ദേഹം ആരോപിച്ചു. ‘ലവ് ജിഹാദ്’ ആരോപണമുണ്ടെങ്കിൽ വസ്തുതകൾ തെളിവുകളോടെ മുന്നോട്ടുവെക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അതിദാരിദ്ര്യം ഗണ്യമായി കുറച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കവി സച്ചിദാനന്ദൻ ഉയർത്തിയ വിമർശനങ്ങളെ പാർട്ടി ഗൗരവത്തോടെ കാണുമെന്നും തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ബേബി വ്യക്തമാക്കി. ഇടതുമുന്നണിക്കെതിരായ വിമർശനങ്ങളെ ശത്രുതയായി കാണുന്നില്ലെന്നും, പ്രേംകുമാറിനെതിരെ നടപടി ഉണ്ടായതായി തനിക്ക് വിവരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.