പ്രാഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല: വിഡി സതീശൻ

single-img
10 March 2023

പുതുതായി നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രാഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടെയെന്നും സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തെ ആദ്യം നിഷേധിച്ചെങ്കിലും എഡിജിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പോലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷണല്‍ പി എസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്നയെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.