വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുക്കില്ല: മന്ത്രി പി രാജീവ്

single-img
23 December 2023

സംസ്ഥാന സർക്കാരിന്റെ നവ കേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരം അല്ലെന്ന് മന്ത്രി പി രാജീവ്. വാര്‍ത്ത നല്‍കി എന്നതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുക്കില്ല. വസ്തുത പരിശോധിക്കുമെന്നും പി രാജീവ് പറഞ്ഞു. മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്.

എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസില്‍ 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വിജിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. കേസില്‍ വിനീത അഞ്ചാം പ്രതിയാണ്. ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മാധ്യമപ്രവര്‍ത്തകക്ക് പങ്കുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കുറുപ്പംപടി പൊലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ച ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് അയച്ചത്.