എന്‍ കെ എഫ് എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാർഡ്; പുരസ്‌കാര നേട്ടവുമായി ഐഷ സുല്‍ത്താനയുടെ ഫ്‌ലഷ്

single-img
30 August 2022

നവകര്‍ണ്ണാടക ഫിലിം അക്കാദമി നൽകുന്ന എന്‍ കെ എഫ് എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാര്‍ഡില്‍ പുരസ്‌കാര നേട്ടവുമായി ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്‌ലഷ്’. മികച്ച നവാഗത സംവിധായിക(ഐഷ സുല്‍ത്താന), മികച്ച നിര്‍മ്മാതാവ് (ബീനാ കാസിം), മികച്ച ക്യാമറ മാന്‍ (കെ ജി രതീഷ്) എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ഈ സിനിമയ്ക്ക് ലഭിച്ചത്.

പ്രശസ്ത ദക്ഷിണേന്ത്യന്‍ നടന്‍ ഡോ. വിഷ്ണുവര്‍ദ്ധനന്റെ 72ആം ജന്മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ സെപ്റ്റംബര്‍ 17ന് വിതരണം ചെയ്യും. നേരത്തെ തന്നെ ലക്ഷദ്വീപിന്റെ കഥ പറയുന്ന ‘ഫ്‌ലഷ്’ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നിരവധിയായ പുതുമുഖ താരങ്ങളെയും ദ്വീപിലെ തന്നെ നിവാസികളെയും ഉള്‍പ്പെടുത്തിയാണ് ഫ്‌ലഷ് ചിത്രീകരിച്ചിരിക്കുന്നത്. നായികാ കേന്ദ്രീകൃതമായ ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.