ബിജെപിയിൽ സത്യം പറയുന്ന ഏക വ്യക്തി നിതിൻ ഗഡ്കരി മാത്രം: സുപ്രിയ സുലെ

രാജ്യത്തെ ഭരണ കക്ഷിയായ ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി നിതിൻ ഗഡ്കരി മാത്രമാണെന്ന് എൻസിപി എംപി സുപ്രിയ സുലെ. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിനിടെ യഥാർത്ഥ ശിവസേനയെക്കുറിച്ചുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഹാരാഷ്ട്രയിൽ അന്തരിച്ച ബാലാസാഹേബ് താക്കറെ രൂപീകരിച്ച ശിവസേന മാത്രമാണ് ഉള്ളതെന്നും സുപ്രിയ സുലെ പറഞ്ഞു. “ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി ഗഡ്കരി മാത്രമാണ്; എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിൽ ഒരേയൊരു ശിവസേന മാത്രമേയുള്ളൂ, അത് അന്തരിച്ച ബാലാസാഹേബ താക്കറെ രൂപീകരിച്ചതാണ്.
അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഉദ്ധവിനെ ഏൽപ്പിച്ചു. ചില ഡ്യൂപ്ലിക്കേറ്റുകളുണ്ട്, എന്നാൽ സ്വർണവും വെങ്കലവും തമ്മിലുള്ള വ്യത്യാസം ആളുകൾക്ക് അറിയാം.”-പൂനെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സുപ്രിയയുടെ ഈ പരാമർശം.
ഇതോടൊപ്പം തന്നെ മറാത്ത സംവരണ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാരിൽ നയപരമായ പക്ഷവാദമുണ്ടെന്നും സുപ്രിയ ആരോപിച്ചു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു സുപ്രിയയുടെ പ്രതികരണം.


