നിമിഷപ്രിയ കേസ്: ഇറാൻ ഇടപെടലിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

single-img
17 December 2025

നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിനെതിരെ കൊല്ലപ്പെട്ട തലാൽ അബ്ദുമഹദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്തെത്തി. കൊലപാതകം ഇറാനിൽ നടന്നിരുന്നെങ്കിൽ ഇറാന്റെ നിലപാട് എന്താകുമായിരുന്നു എന്ന ചോദ്യമാണ് മഹ്ദി ഉന്നയിച്ചത്. വിഷയത്തിൽ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചതായി വന്ന വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരണം രേഖപ്പെടുത്തിയത്.

അതിവേഗവും നീതിപൂർവവുമായ ശിക്ഷയാണ് നടപ്പാക്കേണ്ടതെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, ശിക്ഷ വൈകുന്നതിലൂടെ കുടുംബത്തിന്റെ അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നും മഹ്ദി വിമർശിച്ചു. മധ്യസ്ഥ ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും, നീതിയാണ് തങ്ങൾക്ക് വേണ്ടതെന്നും തലാലിന്റെ സഹോദരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2017 ജൂലൈ 25ന് യമനിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ, സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് സമീപിച്ച യമൻ പൗരൻ തലാൽ അബ്ദുമഹദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയതെന്നാണ് കേസ്. പാസ്പോർട്ട് പിടിച്ചെടുത്ത ശേഷം നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. തലാലിന് അമിത അളവിൽ മരുന്ന് കുത്തിവച്ചാണ് കൊലപ്പെടുത്തിയതെന്നും, തുടർന്ന് മൃതദേഹം വീടിന്റെ മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.