ന്യൂസ് ക്ലിക്ക് ; കേരളത്തിലും മാധ്യമപ്രവർത്തകയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ റെയ്ഡ്

single-img
6 October 2023

പ്രമുഖ സംഘ്പരിവാർ വിരുദ്ധ ഓൺലൈൻ മാധ്യമം ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും ഡൽഹി പൊലീസിന്റെ റെയ്ഡ്. മലയാളിയായ മാധ്യമപ്രവർത്തക അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് പരിശോധന. പത്തനംതിട്ട എസ്പിയെ അറിയിച്ചാണ് ഡൽഹി പൊലീസ് റെയ്ഡിനായി കേരളത്തിലെത്തിയത്.

ഓൺലൈൻ പോർട്ടലായ ന്യൂസ് ക്ലിക്കിലെ മുൻ ജീവനക്കാരിയായിരുന്നു അനുഷ പോൾ. പരിശോധനയിൽ ഒരു മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. സംഘം ഏകദേശം ഒന്നര മണിക്കൂർ നേരം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേരളത്തിലെത്തിയത്.

അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. അനുഷയുടെ മാതാവിന്റെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്. രണ്ടു മാസങ്ങൾക്ക് മുൻപ് അനുഷ കേരളത്തിലെത്തിയിരുന്നു. ആ സമയത്ത് കുറച്ച് സാധനസാമ​ഗ്രികൾ ഇവിടെ വെച്ചിട്ട് പോയിരുന്നു. ഇത് എടുക്കാനാണ് കേരളത്തിലെത്തിയതെന്നാണ് ഡൽഹി പൊലീസ് അറിയിച്ചിരിക്കുന്നത്.