ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ അപമാനിച്ചു; റിലയന്‍സിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ക്ക് പിഴ ചുമത്തി

single-img
28 October 2022

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ ഒന്നടങ്കം അപമാനിച്ച റിലയന്‍സ് ഗ്രൂപ്പിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ന് പിഴ ചുമത്തി. വിഷയത്തിന്റെ വാർത്തകളിൽ റിപ്പോര്‍ട്ട് ചെയ്തതില്‍ സാമുദായിക നിറം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റിയാണ് ചാനലിന് പിഴയിട്ടത്.

ഇതിന്റെ ഭാഗമായി 50,000 രൂപ ചാനല്‍ അടയ്ക്കണമെന്നാണ് അഥോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. കർണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടത്തിയ ഹിജാബ് നിരോധനത്തെ എതിര്‍ത്തവരെ അല്‍ഖ്വയ്ദ, സവാഹിരി അനുകൂലികള്‍ എന്നിങ്ങനെ വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി.

ചാനലിലെ വാര്‍ത്താ അവതാരകനായ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടുന്നു. ഈ വര്ഷം ഏപ്രിലിലാണ് നടപടിക്ക് ആസ്പദമായ ചര്‍ച്ചകള്‍ ന്യൂസ് 18 ചാനല്‍ സംപ്രേഷണം ചെയ്തത്.

വിദ്യാര്‍ത്ഥികളുടെ ഹിജാബ് ധരിക്കുന്നതിനുള്ള അവകാശത്തെ അനുകൂലിക്കുന്ന പാനലിസ്റ്റുകളെ ഭീകര നേതാവ് സവാഹിരിയുമായി ബന്ധപ്പെടുത്തി അവതാരകന്‍ സംസാരിച്ചു. പാനലിസ്റ്റുകളെ ‘സവാഹിരി സംഘങ്ങള്‍’, ‘സവാഹിരി അംബാസഡര്‍’ എന്നിങ്ങനെ മുദ്രകുത്തിയതായും എന്‍ബിഡിഎസ്എ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഇന്ത്യയിലെ വാര്‍ത്താ ചാനലുകളുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ രംഗത്തുവരുന്ന ടെക് എത്തിക്സ് പ്രൊഫഷണല്‍ ഇന്ദ്രജിത്ത് ഘോര്‍പഡെ എപ്രില്‍ 10ന് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ സുപ്രധാന ഉത്തരവ് ഉണ്ടായിരിക്കുന്നത്. അവതാരകന്‍ അമന്‍ ചോപ്ര മുസ്്ലിം വിദ്യാര്‍ത്ഥികളെ ‘ഹിജാബി ഗാങ്’, ‘ഹിജാബ്വാലി ഗസ്വ ഗാങ്’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും കണ്ടെത്തി. ഇത്തരം വിഷയം സംസാരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എന്‍ബിഡിഎസ്എ ചാനലിന് മുന്നറിയിപ്പ് നല്‍കി.