ദുബൈയിൽ പുതിയ ടണൽ റോഡ് തുറന്നു; മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം

single-img
9 November 2026

ദുബൈയിലെ അൽ ഖലീജ് സ്ട്രീറ്റിൽ പുതിയ ടണൽ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 1,650 മീറ്റർ നീളമുള്ള ടണലിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. ഇരുദിശകളിലേക്കും മൂന്ന് വരി പാതകൾ വീതമാണ് ടണലിൽ ഒരുക്കിയിരിക്കുന്നത്.

പുതിയ പാത തുറന്നതോടെ ദേര, മംസാർ, അബുഹെയിൽ, അൽ വുഹൈദ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും. ദുബൈ ഐലൻഡ്സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ പോർട്ട് എന്നിവിടങ്ങളിലേക്കും വേഗത്തിൽ എത്താനാകും. ഇൻഫിനിറ്റി ബ്രിഡ്ജിനെ അൽ ഖലീജ് സ്ട്രീറ്റുമായും അൽ വുഹൈദ സ്ട്രീറ്റ് ജങ്ഷനുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ പാത.

ദുബൈയിലെ പ്രധാന റോഡ് വികസന പദ്ധതിയായ അൽ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ് ടണൽ നിർമിച്ചത്. താമസ, വാണിജ്യ, വിനോദസഞ്ചാര മേഖലകൾ തമ്മിലുള്ള ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനും നഗരവികസനത്തിന് പിന്തുണ നൽകുന്നതിനും പദ്ധതി സഹായിക്കുമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.