വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില്‍

single-img
27 December 2022

ഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രില്‍ സംഘടിപ്പിയ്ക്കും.

സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിയ്ക്കുന്നത്. കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സാഹചര്യത്തെ നേരിടാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.

ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തുക. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇന്ന് നടക്കുന്ന മോക്ക് ഡ്രില്‍ കിടക്കകളുടെ ലഭ്യത, മനുഷ്യവിഭവശേഷി, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍ ഓക്‌സിജന്‍ വിതരണ ശൃംഖല എന്നിവയുടെ കണക്കെടുക്കുന്നതിനും ഈ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ്. കൊവിഡ് സാഹചര്യം നേരിടാന്‍ ആവശ്യമായ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങിയ ഉറപ്പാക്കാനും മോക്ക് ഡ്രില്‍ ലക്ഷ്യമിടുന്നു. ജില്ല തിരിച്ചുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ ഇതിലൂടെ ഉറപ്പുവരുത്തും. മോക്ക് ഡ്രില്ലിന് ശേഷം ഇന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രില്‍ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യും.