ദേശീയപാത വികസനത്തിന്‌ കേരളം ഇതുവരെ 5519 കോടി മുടക്കിയെന്നു കേന്ദ്രസർക്കാർ

single-img
23 March 2023

സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി കേരള സർക്കാർ ഇതുവരെ 5519 കോടി മുടക്കിയെന്ന്‌ കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന്‌ മറുപടിയായിട്ടാണ് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി ഈ വിവരം പാർലമെന്റിൽ നൽകിയത്.

സംസ്ഥാനത്തെ 16 ദേശീയപാത പ്രൊജക്‌ടുകൾക്കായി ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം തുകേ ദേശീയപാത അതോറിറ്റിയുമായി ചേർന്ന്‌ മുടക്കാൻ സർക്കാർ ധാരണയുണ്ടെന്ന്‌ മറുപടിയിൽ പറയുന്നു. 1027 കി.മീ ദൂരം വരുമിത്‌. ഇതുവരെ 5519 കോടിയാണ്‌ സംസ്ഥാനം മുടക്കിയത്‌. ഭാരത്‌മാല പരിയോജനയിലുള്ള നാല്‌ പദ്ധതികളിൽ സംസ്ഥാനത്തിന്റെ 25 ശതമാനം പങ്ക്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുള്ളതായും ഗഡ്‌കരിയുടെ മറുപടിയിലുണ്ട്‌.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്‌ ഭൂമി ഏറ്റെടുക്കുന്നതിനായി 25 ശതമാനം തുക കേരളം വഹിക്കാമെന്ന തീരുമാനത്തിൽനിന്ന്‌ പിൻമാറിയിട്ടുണ്ടോ?, ഭൂമി ഏറ്റെടുക്കുന്നതിൽ മുഴുവൻ തുകയും കേന്ദ്രം വഹിക്കാമെന്ന്‌ പറഞ്ഞിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ്‌ ഹൈബി ചോദിച്ചിരുന്നത്‌. തുക കേന്ദ്രം വഹിക്കുമെന്ന്‌ കഴിഞ്ഞ ദിവസം മനോരമയിൽ വാർത്തയുണ്ടായിരുന്നു. ഇത്‌ വിശ്വസിച്ചാണ്‌ ഹൈബി ചോദ്യം ഉന്നയിച്ചത്‌. കേരള സർക്കാരിനെ ഇകഴ്‌ത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിന്റെ പങ്ക്‌ വ്യക്തമായതോടെ കേന്ദ്രത്തിന്റെ മറുപടി ഹൈബി എവിടെയും പങ്കുവച്ചിട്ടില്ല.