വാഹനാപകടം; സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി എംവിഡി

single-img
2 August 2023

എറണാകുളം ജില്ലയിലെ പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി എംവിഡി. നോട്ടീസ് സുരാജ് നേരിട്ടെത്തി കൈപ്പറ്റിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകണമെന്നാണ് സുരാജിനോട് എറണാകുളം ആർടിഒ ആവശ്യപ്പെട്ടിരിക്കുന്നത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സുരാജിനെതിരെ കേസെടുത്തത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ മലപ്പുറം സ്വദേശി ശരത്തിന്റെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

നേരത്തെ സുരാജിനോട് വാഹനവുമായി ഹാജരാകാൻ പാലാരിവട്ടം പോലീസ് നിർദേശിച്ചിരുന്നു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് സുരാജിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്.

സുരാജ് കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് പ്പോയപ്പോൾ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരുക്കേറ്റിരുന്നു.