ബിജെപിയുടെ വര്‍ഗീയ എൻജിനിയറിങ് കേരളത്തില്‍ ചെലവാകില്ല: എം വി ഗോവിന്ദൻ

single-img
19 March 2023

രാജ്യത്തുടനീളം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആര്‍എസ്എസിനോടും ബിജെപിയോടും സഹകരിക്കാനുള്ള തീരുമാനം ആരുടേതായാലും നല്ലതല്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. റബ്ബര്‍ വില മുന്നൂറ് രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാപ്ലാനിയുടെ പ്രസ്‌താവനയില്‍ പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

“പ്രസ്‌താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. റബര്‍ വില മാത്രമല്ലല്ലോ ഇവിടുത്തെ പ്രശ്‌നം. കേന്ദ്ര ഗവണ്‍മെന്റുമായുള്ള പ്രശ്‌നങ്ങളല്ലേ അവര്‍ അവതരിപ്പിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ എൻജിനിയറിങ്ങൊന്നും കേരളത്തില്‍ ഫലപ്രദമാകാന്‍ പോണില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ 79 ഓളം ക്രിസ്ത്യന്‍ സംഘടനകള്‍ ചേര്‍ന്നുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കാനായി ജന്തര്‍ മന്ദറില്‍ സമരം ചെയ്‌തത്.

അതില്‍ കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിതരടക്കം ഒപ്പിട്ട് മെമ്മോറണ്ടം സമര്‍പ്പിച്ചതല്ലേ. ഇക്കാലയളവില്‍ ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നിട്ടുള്ള 598 ആക്രമണങ്ങളെക്കുറിച്ചാണ് ആ കത്തില്‍ പറഞ്ഞിട്ടുള്ളത്. അതൊക്കെ മറച്ചുവെച്ച് കൊണ്ട് ബിജെപിയുമായി സഹകരിക്കാനുള്ള ശ്രമമൊന്നും കേരളത്തില്‍ വിലപ്പോവില്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെയും മുസ്‌ലിം ന്യൂനപക്ഷത്തെയും ഹിന്ദു ഭൂരിപക്ഷത്തെയും എല്ലാം ഒപ്പം നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ – എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.