കോൺഗ്രസ് സമ്മർദ്ദം;സിപിഎം നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച് മുസ്ലിംലീഗ്; പങ്കെടുക്കാൻ സമസ്ത

single-img
9 July 2023

കോൺഗ്രസിന്റെ സമ്മർദ്ദ ഫലമായി കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകസിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച് മുസ്ലിംലീഗ്. സെമിനാറില്‍ ലീഗ് പങ്കെടുക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ഇന്ന് പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കാരണം, ഇത് മുസ്ലീം വിഷയം മാത്രം അല്ല. എല്ലാവരും ഏറ്റെടുക്കണം. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയാണ്. അതുകൊണ്ടുതന്നെ ലീഗ് സെമിനാറില്‍ പങ്കെടുക്കില്ല. കോണ്‍ഗ്രസിനെ മാറ്റിനിർത്തി ഒന്നും ചെയ്യാനാകില്ല. അങ്ങിനെ സെമിനാറിൽ പങ്കെടുത്താല്‍ ദോഷം ഉണ്ടാകും.

മുസ്ലിം ലീഗ് സിപിഎം സെമിനാറിന് പോകില്ല. ആര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാം. ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യം ഉണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.


അതേസമയം, സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതും യോഗം ചര്‍ച്ച ചെയ്യും. സിവില്‍ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.