മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹത; സ്ഥാനാർത്ഥിത്വത്തിൽ വിജയ സാധ്യത മാത്രമാണ് മാനദണ്ഡം: പിഎംഎ സലാം

single-img
5 January 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും അതിനായി സീറ്റുകൾ ആവശ്യപ്പെടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ വിജയസാധ്യത മാത്രമാണ് പ്രധാന മാനദണ്ഡമാകുക. സീറ്റ് കൈമാറ്റം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കക്ഷികൾ മുന്നണിയിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മുസ്ലിം ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നും, പാർട്ടി നിർദേശിച്ചാൽ താൻ മത്സരിക്കുമെന്നും പി.എം.എ. സലാം പറഞ്ഞു. മുന്നണിയുടെ അടിത്തറ കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. എസ്.ഐ.ആർ പട്ടിക തയ്യാറാക്കുന്നതിൽ ജാഗ്രതയോടെ നടപടികൾ പുരോഗമിക്കുകയാണെന്നും, അർഹരായ വോട്ടർമാർ ഒഴിവാക്കപ്പെടാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ വ്യാപകമായി വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണവും പി.എം.എ. സലാം ഉന്നയിച്ചു. ഇത്തരം വോട്ടർമാർ നിലവിലെ എസ്.ഐ.ആർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടെന്നും, ഇനി വീണ്ടും പട്ടികയിൽ ഇടം നേടാതിരിക്കാൻ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 15നകം യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും, ടേം വ്യവസ്ഥ സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നും പി.എം.എ. സലാം അറിയിച്ചു.