മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശം മോദിക്കുള്ള വിമർശനം: കോൺഗ്രസ്

single-img
11 June 2024

ആർഎസ്എസ് മേധാവിയായ മോഹൻ ഭാഗവതിന്റെ കേന്ദ്രത്തിനെതിരായ മണിപ്പൂർ പരാമർശത്തിൽ പ്രതിരോധത്തിലായി ബിജെപി. ഈ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വിമർശനമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

കലാപം രൂക്ഷമായിട്ടും ഒരിക്കൽ പോലും മണിപ്പൂരിൽ പോകാത്ത മോദി ആർഎസ്എസ് മേധാവിയുടെ വാക്കുകൾ കേൾക്കുമോ എന്ന് ജയ്‌റാം രമേശ് ചോദിച്ചു. മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആർഎസ്എസിന്റെ ആവശ്യമെന്നായിരുന്നു മോഹൻ ഭാഗവതിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം.

കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ കത്തുകയാണെന്നും അവിടുത്തെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസർക്കാർ മുൻഗണന നൽകണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. നാഗ്പൂരിൽ നടന്ന ആർ എസ് എസ് സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ പിന്നാലെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന വരുന്നത്.