മോദിയുടെ സന്ദർശനം; വിശ്വാസികൾക്ക് ദില്ലിയിൽ പള്ളിയിൽ പ്രവേശനം നിഷേധിച്ച് പൊലീസ്; ശക്തമായ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ദില്ലിയിലെ ഒരു പള്ളിയിൽ വിശ്വാസികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു. ആരാധനയ്ക്കായി എത്തിയവരെ ബാരിക്കേഡുകൾ കെട്ടി തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു മണിക്കൂറിലധികം വിശ്വാസികളെ പള്ളിക്കു പുറത്ത് തടഞ്ഞുവെച്ചതായും ആരോപണമുണ്ട്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് വിക്രംജിത് സെൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം ശുശ്രൂഷാ ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കാത്തത് എന്തിനാണെന്ന ചോദ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നതാണ് പ്രതിഷേധക്കാരുടെ മുഖ്യ പരാതി.
മോദിയുടെ സന്ദർശനത്തെ തുടർന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എടുത്ത നടപടികളാണെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും, വിശ്വാസികളെ ആരാധനയിൽ നിന്ന് വിലക്കിയ നടപടി ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.
അതേസമയം, ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായി നടത്തിയ ബന്ദിനിടെ വ്യാപകമായ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. റായ്പൂരിലെ ഒരു ഷോപ്പിങ് മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളും ഒരു സംഘം ആളുകൾ അടിച്ച് തകർത്തു. സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


