നിദ ഫാത്തിമയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു

single-img
23 December 2022

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കേരളം മഹാരാഷ്ട്രയോട്ആവശ്യപ്പെട്ടു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ അറിയിച്ചു.

അതേസമയം, നിദയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകിയെന്ന് ആലപ്പുഴ എംപി എഎം ആരിഫ് ഇന്ന് ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എംപിമാരായ ആരിഫും ബെന്നി ബഹന്നാനും ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും ഇതിന് അനുമതി കിട്ടിയില്ല. തുടർന്ന് എംപി ആരിഫ് നേരിട്ട് കായിക മന്ത്രിയെ കണ്ട് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.